Saturday 28 May 2016

കാട

കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ആദായം നേടിത്തരുന്ന കാടവളർത്തലിന്‌ കേരളത്തിൽ ഏറെ പ്രചാരം ലഭിച്ചുകഴിഞ്ഞു. കാടമുട്ടയുടേയും മാംസത്തിന്റേയും പോഷകമൂല്യവും ഔഷധമേൻമയും സ്വാദും മനസിലാക്കിയ പഴമക്കാർ പറഞ്ഞിരുന്ന ‘ആയിരം കോഴിക്ക്‌ അരക്കാട’ എന്ന പഴഞ്ചൊല്ല്‌ അർഥവത്താണ്‌. ശ്വാസകോശരോഗങ്ങൾക്ക്‌ കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നൽകുന്നതായി അനുഭവസ്ഥർ പറയുന്നു. കാട്ടിൽ ജീവിച്ചിരുന്ന കാടപ്പക്ഷികളെ മെരുക്കി വളർത്തുപക്ഷിയാക്കി, പ്രജനനപ്രക്രിയയിലൂടെ വികസിപ്പിച്ചെടുത്ത്‌ വ്യാവസായികാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിന്‌ വഴിയൊരുക്കിയത്‌ ജപ്പാൻകാരാണ്‌. അതിനാലാണ്‌ ‘ജാപ്പനീസ്‌ ക്വയിൽ’ എന്ന പേരിൽ ഇവ അറിയപ്പെടുന്നത്‌.  കോട്ടൂർണിക്സ്‌ ജപ്പോനിക്ക എന്നാണ്‌ കാടയുടെ ശാസ്ത്രനാമം.


ഹ്രസ്വജീവിതചക്രവും കുറഞ്ഞ തീറ്റച്ചിലവും ഇവയുടെ സവിശേഷതകളാണ്‌. മുട്ട വിരിയുന്നതിന്‌ 16-18 ദിവസങ്ങൾ മതിയാകും. വലിപ്പം കുറവായതിനാൽ ഇവയെ വളർത്താൻ കുറച്ചുസ്ഥലം മതി. ടെറസിലും വീടിന്റെ ചായ്പിലും ഇവയെ വളർത്താം. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത്‌ 8-10 കാടകളെ വളർത്താൻ സാധിക്കും. ആറാഴ്ച പ്രായമാകുമ്പോൾ മുട്ടയിട്ട്‌ തുടങ്ങുന്നു. മാംസത്തിനുവേണ്ടി വളർത്തുന്നവയെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലിറക്കാം. വർഷത്തിൽ മൂന്നോറോളം മുട്ടകൾ ലഭിക്കും. മാംസവും മുട്ടയും ഔഷധഗുണമുളളതും പോഷകസമൃദ്ധവുമാണ്‌. മറ്റുവളർത്തുപക്ഷികളെക്കാൾ രോഗങ്ങൾ കുറവാണ്‌.


ഏത്‌ കാലാവസ്ഥയിലും ഏതവസരത്തിലും കാടമുട്ടകൾ വിരിയിച്ചെടുക്കാം. എന്നാൽ അടവയ്ക്കാനായി മുട്ടകൾ ശേഖരിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.

1. 10 മുതൽ 23 ആഴ്ചവരെ പ്രായമുളള പിടകളുടെ മുട്ടകളാണ്‌ വിരിയിക്കുന്നതിനായി ശേഖരിക്കേണ്ടത്‌.

2. മൂന്നോ അതിൽ കുറവോ പിടകൾക്ക്‌ ഒരു പൂവൻ എന്ന അനുപാതത്തിൽ പ്രജനനം നടത്തുന്ന കൂട്ടിൽനിന്നും എടുക്കുന്ന മുട്ടകൾക്ക്‌ വിരിയുന്നതിനുളള ശേഷി കൂടുതലായിരിക്കും.
3. പിടകളുടെ ഇടയിൽ ഒരു പൂവനെ വിട്ടാൽ നാലുദിവസം കഴിഞ്ഞതിനുശേഷം ലഭിക്കുന്ന മുട്ടകളും പൂവനെ മാറ്റുകയാണെങ്കിൽ അതിനുശേഷം മൂന്ന്‌ ദിവസത്തിനുളളിൽ കിട്ടുന്ന മുട്ടകളുമാണ്‌ വിരിയിക്കുന്നതിന്‌ നല്ലത്‌.
4.പ്രജനനത്തിനായി വളർത്തുന്ന കാടകൾക്ക്‌ പ്രത്യേകം പോഷകാഹാരം നൽകണം.
5. മുട്ട ശേഖരിച്ചുകഴിഞ്ഞാൽ ഏഴ്‌ ദിവസത്തിനുളളിൽ തന്നെ അവ അടവയ്ക്കേണ്ടതാണ്‌.
മുട്ട വിരിയൽ
അടയിരിക്കുന്ന സ്വഭാവം കാടകൾക്കില്ല. അതിനാൽ കൃത്രിമമായി വിരിയിച്ചെടുക്കുകയോ അടയിരിക്കുന്ന കോഴികളെ ഉപയോഗിച്ച്‌ മുട്ട വിരിയിച്ചെടുക്കുകയോ ചെയ്യണം. കാടമുട്ടകൾ 16-18 ദിവസംകൊണ്ട്‌ വിരിയും.
കുഞ്ഞുങ്ങളുടെ പരിചരണം
(ബ്രൂഡിംങ്ങ്‌)
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക്‌ അന്തരീക്ഷത്തിലെ ചൂട്‌ മതിയാവുകയില്ല. കുഞ്ഞുങ്ങൾക്ക്‌ മൂന്നാഴ്ച പ്രായംവരെ കൃത്രിമ ചൂട്‌ നൽകുന്നതിനെ ‘ബ്രൂഡിംങ്ങ്‌ എന്ന്‌ പറയുന്നു. ചൂട്‌ നൽകുന്നതിനുളള സംവിധാനമാണ്‌ ബ്രൂഡർ. സാധാരണ 100 കാടക്കുഞ്ഞുങ്ങൾക്ക്‌ ചൂട്‌ നൽകുന്നതിന്‌ 60 വാട്ടിന്റെ ഒരു ഇലക്ട്രിക്‌ ബൾബ്‌ ഉപയോഗിക്കാം. (ഒരു കുഞ്ഞിന്‌ 75 ചതുരശ്ര സെ.മീ ബ്രൂഡർ സ്ഥലവും ഓടി നടക്കാൻ പുറമെ 75 ചതുരശ്ര സെ.മീ സ്ഥലവും നൽകണം. 1.5 മീറ്റർ വ്യാസമുളള ബ്രൂഡർ 200 കുഞ്ഞുങ്ങൾക്ക്‌ മതിയാവും.)
ഡീപ്പ്‌ ലിറ്റർ രീതിയിൽ ബ്രൂഡറിന്‌ ചുറ്റും വിരിപ്പിന്‌ മുകളിലായി തകിടോ ഹാർഡ്‌ ബോർഡോ ഉപയോഗിച്ച്‌ 30 സെ.മീ ഉയരത്തിൽ ഒരു വലയം അഥവാ ചിക്‌ ഗാർഡ്‌ ഉണ്ടാക്കണം. ബൾബുകളുടെ ഉയരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതുവഴി ബ്രൂഡറിലെ ചൂട്‌ ക്രമീകരിക്കാൻ കഴിയും.
ആദ്യദിവസം കുഞ്ഞുങ്ങളെ ഇടുന്നതിനുമുമ്പ്‌ ബൾബുകൾ കത്തിച്ച്‌ ബ്രൂഡർ ചൂടാക്കണം. വരിപ്പിന്‌ മുകളിൽ ചുളുക്കിയ പേപ്പറുകൾ നിവർത്തിവച്ച്‌ അതിലേയ്ക്ക്‌ കുഞ്ഞുങ്ങളെ വിടാം.
ഒരു പരന്ന പാത്രത്തിന്റെ അടപ്പ്‌ വെളളപ്പാത്രമായും ഉപയോഗിക്കാം. വെളളപ്പാത്രത്തിൽ മാർബിൾ കഷണങ്ങളോ, ഉരുണ്ട കല്ലുകളോ ഇടുന്നത്‌ കുഞ്ഞുങ്ങൾ വെളളത്തിൽ വീണ്‌ ചാവുന്നത്‌ തടയും.





കാടകൾ സാധാരണയായി ആറാഴ്ച പ്രായത്തിൽ പൂർണ വളർച്ചയെത്തുകയും ഏകദേശം 150 ഗ്രാം ശരീരതൂക്കം ഉണ്ടായിരിക്കുകയും ചെയ്യും. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ടുതുടങ്ങും. മുട്ടയിടുന്ന കാടകൾക്ക്‌ 16 മണിക്കൂർ വെളിച്ചം നൽകുന്നത്‌ മുട്ടയുൽപാദനം വർധിപ്പിക്കുന്നതിന്‌ സഹായിക്കും.

കാട-തീറ്റയും തീറ്റക്രമവും

കാടവളർത്തലിൽ മൊത്തം ചിലവിന്റെ 70 ശതമാനം തീറ്റയ്ക്കാണ്‌. കാടയ്ക്ക്‌ സമീകൃതാഹാരമാണ്‌ നൽകേണ്ടത്‌. സ്റ്റാർട്ടർ തീറ്റയിൽ 27 ശതമാനം മാംസ്യവും 2700 കിലോ കലോറി ഊർജ്ജവും വേണം. ഗ്രോവർ തീറ്റയിൽ 24 ശതമാനം മാംസ്യവും ലേയർ തീറ്റയിൽ 22 ശതമാനം മാംസ്യവും വേണം.

മുട്ടയ്ക്കായും ഇറച്ചിക്കായും കാടകളെ വളർത്താം. ആറാഴ്ച പ്രായം മുതൽ മുട്ടലഭിക്കും.4 ആഴ്ച മുതൽ ആൺകാടകളെ ഇറച്ചിക്കായി വിൽക്കാം. മുട്ടയ്ക്ക്‌ വേണ്ടി പെൺകാടകളെ മാത്രമെ വളർത്തേണ്ടതുള്ളൂ. കാടകളെ ഒരുദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയിൽ നിന്നും ലഭിക്കും. കമ്പിവല കൊണ്ട്‌ നിർമിച്ച കൂടുകളിൽ കാടകളെ വളർത്താം. വിപണന സാധ്യത മനസ്സിലാക്കി കാടകളുടെ എണ്ണം നിശ്ചയിക്കുക.
കൃത്രിമ ചൂട്‌ നൽകുവാൻ സംവിധാനമുള്ള ബ്രൂഡർ കേജുകൾ കാടക്കുഞ്ഞുങ്ങൾക്ക്‌ ഉണ്ടാക്കാം. ബ്രൂഡർ കൂടുകളിൽ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാർപ്പിക്കാം.3 അടി നീളവും 2 അടി വീതിയും ഒരടി ഉയരവും ഉള്ള ഒരു കൂട്ടിൽ 100 കുഞ്ഞുങ്ങളെ പാർപ്പിക്കാം.
കാൽ ഇഞ്ച്‌ കണ്ണികളുള്ള കമ്പിവല കൊണ്ട്‌ ബ്രൂഡർ കേജുകൾ ഉണ്ടാക്കാം. വൈദ്യുതബൾബ്‌ ഇടാനുള്ള സംവിധാനം കേജിനുള്ളിൽ ഉണ്ടാവണം. ഒരു കുഞ്ഞിനു ഒരു വാട്ട്‌ എന്ന പ്രകാരം ബൾബ്‌ ഇടാവുന്നതാണ്‌. ആദ്യത്തെ രണ്ടാഴ്ച 24 മണിക്കൂറും ചൂടും വെളിച്ചവും വേണം.രണ്ടാമത്തെ ആഴ്ച മുതൽ ചൂട്‌ കുറയ്ക്കാവുന്നതാണ്‌. കുഞ്ഞുങ്ങൾ വഴുതി വീഴാതിരിക്കാൻ ആദ്യത്തെ ആഴ്ചയിൽ കൂട്ടിൽ ചണച്ചാക്ക്‌ വിരിക്കണം. ആദ്യത്തെ ആഴ്ച പത്രക്കടലാസ്സിൽ തീറ്റ നൽകുന്നത്‌ സഹായകരമാണ്‌. വെള്ളപ്പാത്രത്തിൽ വീണുള്ള മരണത്തിന്‌ ഈ സമയത്ത്‌ സാധ്യത കൂടുതലാണ്‌. വെള്ളപ്പാത്രം ആഴം കുറഞ്ഞതും കാടക്കുഞ്ഞുങ്ങൾക്ക്‌ ഉള്ളിൽ കടക്കാൻ കഴിയാത്ത സംവിധാനത്തോടു കൂടിയതും ആയിരിക്കണം.
ഗ്രോവർ കൂടുകളിൽ കാടകളെ 14 ദിവസം മുതൽ 6 ആഴ്ച വരെ വളർത്താം.ഗ്രോവർ കാടകൾക്ക്‌ ചൂടോ വെളിച്ചമോ നൽകേണ്ടതില്ല. 4 അടി നീളത്തിൽ 2 അടി വീതിയിൽ 10 ഇഞ്ച്‌ ഉയരത്തിൽ ഉള്ള കൂട്ടിൽ 60 ഗ്രോവർ കാടകളെ വളർത്താം. തീറ്റയും വെള്ളവും കൂടിന്‌ അകത്തോ പുറത്തോ നൽകാവുന്നതാണ്‌.
കൂടിന്റെ അടിഭാഗത്ത്‌ അര ഇഞ്ച്‌ കമ്പിവല ഉപയോഗിക്കാം. പാർശ്വങ്ങളിലും മുകളിലും 1 ഇഞ്ച്‌ വല ഉപയോഗിക്കാവുന്നതാണ്‌. വെളളം കൊടുക്കുന്നതിനായി 2 അടി നീളത്തിലുളള പിവിസി പൈപ്പുകൾ രണ്ടു വശത്തും അടപ്പ്‌ ഇട്ടതിനു ശേഷം മൂന്നിൽ ഒരു ഭാഗം നീളത്തിൽ പിളർത്തി മാറ്റി ഉപയോഗിക്കാം. കേജിന്റെ വീതി കുറഞ്ഞ ഭാഗത്ത്‌ ഇവ വെളിയിൽ ഘടിപ്പിക്കുക. തീറ്റയ്ക്കായി 5 ഇഞ്ച്‌ വ്യാസമുളള പിവിസി പൈപ്പ്‌ മുകളിൽ പറഞ്ഞത്‌ പോലെ ഉണ്ടാക്കി ഉപയോഗിക്കാം. ഇത്‌ കൂടിന്റെ നീളമുള്ള ഭാഗത്ത്‌ ഉറപ്പിക്കണം.
മൂന്നാഴ്ച പ്രായമാവുമ്പോൾ കഴുത്തിലെയും നെഞ്ചിലെയും തൂവലുകളുടെ നിറം നോക്കിയാണ്‌ ലിംഗം നിർണ്ണയിക്കുന്നത്‌. ആൺകാടകൾക്ക്‌ കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലർന്ന നിറമാണുള്ളത്‌. പെൺകാടകൾക്ക്‌ ഈ ഭാഗത്ത്‌ കറുത്ത പുളളിക്കുത്തോടുകൂടിയ ചാരനിറമാണ്‌.
7 അടി നീളവും 3 അടി വീതിയും 10 ഇഞ്ച്‌ ഉയരവും ഉള്ള ഒരു കൂട്ടിൽ 100 കാടകളെ പാർപ്പിക്കം. 3 ഃ 1 ഇഞ്ച്‌ കമ്പിവല കൊണ്ട്‌ കൂടിന്റെ വശങ്ങളും മുകൾഭാഗവും ഉണ്ടാക്കാം. അര ഇഞ്ച്‌ കമ്പിവല / ഫൈബർവല കൊണ്ട്‌ അടിവശം ഉണ്ടാക്കുക. മുട്ടയിടുന്ന കാടകൾക്ക്‌ ദിവസം 14 മുതൽ 16 മണിക്കൂർ വരെ വെളിച്ചം ആവശ്യമാണ്‌. ഇതിനായി ഷെഡിൽ ട്യൂബ്‌ ലൈറ്റ്‌ ഘടിപ്പിക്കാം.
കാടകൾ വൈകുന്നേരമാണ്‌ മുട്ടയിടുന്നത്‌. കുറഞ്ഞ സ്ഥലത്ത്‌ കൂടുതൽ കാടകളെ പാർപ്പിക്കുകയോ, കൂടുതൽ സമയം തീവ്ര കൃത്രിമവെളിച്ചം നൽകുകയോ ചെയ്യാം. കാടകൾ തമ്മിൽ കൊത്തുകൂടാം.കാടകൾക്ക്‌ പച്ചില തീറ്റകൾ നൽകുകയും ഗുണനിലവാരമുള്ള തീറ്റ നൽകുകയും വഴി ഈ ദുശ്ശീലം വലിയൊരളവുവരെ ഒഴിവാക്കാനാകും. കാടകൾക്ക്‌ ബ്രോയിലർ കോഴികളുടെ സ്റ്റാർട്ടർ തീറ്റ ആറാമത്തെ ആഴ്ച വരെ നൽകാം.
ആറാമത്തെ ആഴ്ച മുതൽ മുട്ടക്കാടകളുടെ തീറ്റ നൽകണം. ഇത്‌ ലഭ്യമല്ലെങ്കിൽ ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ കക്ക പൊടിച്ചത്‌ ഇട്ട്‌ മുട്ടക്കാട തീറ്റ ഉണ്ടാക്കാം. ഇതിനായി 94 കിലോ ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ 6 കിലോ കക്കപ്പൊടി ഇട്ട്‌ നന്നായി മിശ്രണം ചെയ്യുക.
പൊതുവിൽ രോഗസാധ്യത കുറവായതിനാൽ കാടകൾക്ക്‌ പ്രതിരോധ മരുന്നുകൾ നൽകാറില്ല. എന്നിരുന്നാലും പരിപാലനത്തിലെ പോരായ്മകൾ കൊണ്ട്‌ രക്താതിസാരം, ന്യുമോണിയ,വയറിളക്കം തുടങ്ങിയവ കാണപ്പെടാം.

കടപ്പാട് : ജനയുഗം  http://janayugomonline.com/കാടവളർത്തൽ-എങ്ങനെ-ലാഭകരമ/